Wednesday, July 18, 2012

പിന്നോട്ടു വലിച്ച ഹാള്‍ടിക്കറ്റ്

മനസില്‍ പതിഞ്ഞ്, കാലങ്ങളോളം അനുഭവങ്ങളില്‍ നമ്മെ വേദനിപ്പിച്ചതും ആഹ്ലാദിപ്പിച്ചതും അമ്പരപ്പിച്ചതുമൊക്കെയുണ്ടാകാം. ഒരു വാക്കോ നോക്കോ കൊണ്ട് ഉള്ളുലച്ച് കടന്നുപോയവര്‍ മറന്നിട്ടുണ്ടാവും, അവരെത്ര വലിയ തീക്കനലാണ് കോരിയിട്ടതെന്ന്. പൊള്ളലും നീറ്റലും അനുഭവിച്ചവര്‍ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് പൊടുന്നനെയെന്നോണം തിരിച്ചറിയുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. അന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ എന്ന ഖേദമാകും പിന്നെ ബാക്കി. സ്‌നേഹത്തിന്റെയോ സാന്ത്വനത്തിന്റെയോ ചില സ്പര്‍ശങ്ങളാണ് അങ്ങനെ തിരിച്ചറിയപ്പെടാതെ പോകുന്നതെങ്കില്‍ കാലം അത് മായ്ച്ചു മായ്ച്ച് നേര്‍ത്തതാക്കുകയും പിന്നീട് ഇല്ലാതാക്കുക തന്നെയും ചെയ്‌തേക്കും. എന്നാല്‍ താന്‍ അപമാനിക്കപ്പടുകയായിരുന്നുവെന്ന തികഞ്ഞ തിരിച്ചറിവാണ് ഉള്ളിലേയ്ക്കു വന്നു വീഴുന്നതെങ്കില്‍ അത് മായില്ല. ഇടയ്ക്കിടെ നീറി അങ്ങനെ കിടക്കും. അന്നത് തിരിച്ചറിയാതിരുന്നത് നന്നായെന്നുപോലും തോന്നും, ചിലപ്പോള്‍. നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കാലം വിഷമിക്കേണ്ടി വരുമായിരുന്നല്ലോ എന്ന ചിന്ത. ഏറെ ആഹ്ലാദമുണ്ടാകേണ്ട ഒരു നിമിഷത്തില്‍, 14 വയസുകാരനായ വിദ്യാര്‍ത്ഥിക്ക് അധ്യാപകനില്‍ നിന്ന് വാക്കുകൊണ്ടു മുറിവേറ്റതിന്റെ ഓര്‍മ മായാതെ ഉള്ളിലുണ്ട്. അന്നത് വല്ലാതെ സങ്കടപ്പെടുത്തി. നിറഞ്ഞുകവിഞ്ഞ സ്‌കൂള്‍ ഹാളിലെ വിദ്യാര്‍ത്ഥികളില്‍ ആരും അധ്യാപകന്റെ വാക്കുകേട്ട് ചിരിച്ചതായി ഓര്‍ക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകരും. അങ്ങനെകൂടി ഉണ്ടായിരുന്നെങ്കില്‍ സങ്കടം വളരെ വലുതായേനെ. ചിലപ്പോള്‍ അവിടെവച്ചുതന്നെ പൊട്ടിക്കരഞ്ഞുപോകാനും മതി. പക്ഷേ, കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നീട് കരയുകയും ചെയ്തു. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ദേവീ വിലാസം ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. എസ്എസ്എല്‍സി എഴുതിയ വര്‍ഷം 1985. പരീക്ഷ അടുത്തിരിക്കുന്നു. ക്ലാസ് മുറികള്‍ക്കിടയിലെ സ്‌ക്രീനുകള്‍ മാറ്റിവച്ച് ഹാളാക്കി മാറ്റിയാണ് ഹാള്‍ ടിക്കറ്റ് നല്‍കുന്ന ചടങ്ങ് ഒരുക്കുന്നത്. പല സ്‌കൂളുകളിലും, ക്ലാസുകളില്‍ തന്നെ ഹാള്‍ ടിക്കറ്റ് നല്‍കുമ്പോള്‍ ഡിവിഎച്ച്എസില്‍ അത് എല്ലാ ഡിവിഷന്‍കാരെയും ഒന്നിച്ചുകൂട്ടിയാണ് ചെയ്യുന്നത്. പത്തിലെ കുട്ടികള്‍ക്ക് അത് പരീക്ഷയ്ക്കു മുമ്പുള്ള അവസാനത്തെ കൂടിച്ചേരലാണ്. ഊഷ്മള നിമിഷങ്ങള്‍. ഇപ്പോഴും അവിടെ അങ്ങനെതന്നെയാണോ എന്നറിയില്ല. അന്നത്, പരീക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയും ആകാംക്ഷയുമൊക്കെ പങ്കുവയ്ക്കാനും കലപിലകൂട്ടാനുമൊക്കെയുതകുന്ന നല്ല നിമിഷങ്ങള്‍ തന്നെയായിരുന്നു. ഓരോരുത്തരെയും വേദിയിലേയ്ക്കു വിളിച്ച് ഹാള്‍ ടിക്കറ്റ് നല്‍കുന്ന ദീര്‍ഘമായ ചടങ്ങിനു മുമ്പ് ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ സാര്‍ സംസാരിച്ചു. നന്നായി പരീക്ഷയെഴുതി വിജയിച്ച് ഉയരങ്ങളിലെത്താനുള്ള കടമ്പയില്‍ നില്‍ക്കുന്നവരെ പ്രചോദിപ്പിക്കുന്ന കുറച്ചുവാക്കുകള്‍. അദ്ദേഹം സാത്വികനായ അധ്യാപകനായിരുന്നു. സാറിന്റെ അച്ചടക്ക നിഷ്‌കര്‍ഷയെ കുട്ടികള്‍ക്ക് പേടിയുണ്ടായിരുന്നെങ്കിലും അത് സമ്പൂര്ണ സ്‌നേഹ ബഹുമാനങ്ങള്‍ കലര്‍ന്നതായിരുന്നുവെന്നതില്‍ സംശയമില്ല. മാത്തമാറ്റിക്‌സ് പഠിപ്പിക്കുന്ന ബാലന്‍ സാറാണ് ഹാള്‍ ടിക്കറ്റ് നല്‍കിയത്. മൈക്കില്‍ കൂടി പേരു വിളിക്കുമ്പോള്‍ അവരവര്‍ വേദിയിലേയ്ക്കു നീങ്ങി. ബാലന്‍ സാറിന്റെ കണ്ണടച്ചില്ലുകളില്‍ ഗൗരവത്തിനിടയിലും വാല്‍സല്യത്തിന്റെ നേര്‍ത്ത ചിരിയുണ്ട്. ചിലരെ അദ്ദേഹം ചുമലില്‍ തട്ടിയാണ് തിരിച്ചയയ്ക്കുന്നത്. എന്റെ ഊഴമെത്തി. സന്ദര്‍ഭത്തെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ളതുകൊണ്ട് പതിവുപോലെ മുണ്ടിന്റെ ഒരറ്റം കൈയില്‍ പിടിച്ചില്ല. രണ്ടു കൈകളും വീശിത്തന്നെയാണ് നടന്നു ചെന്നത്. ഉള്ളില്‍ പരിഭ്രമമുണ്ട്. കാരണം രണ്ടാണ്. എസ്എസ്എല്‍സി എന്ന വലിയ കടമ്പയെക്കുറിച്ച് മനസില്‍ കയറിക്കൂടിയ ടെന്‍ഷന്‍. അതിനുള്ള ടിക്കറ്റാണ് വാങ്ങാന്‍ പോകുന്നത്. പിന്നെ, ബാലന്‍ സാറാണ് മുന്നില്‍, കണക്ക് സാര്‍. കണക്കൊഴികെ എല്ലാ വിഷയങ്ങളിലും മിടുക്കനെന്ന പേര് കേള്‍പ്പിച്ചിട്ടുണ്ടെങ്കിലും കണക്ക് പിടികിട്ടാത്ത വള്ളിതന്നെ. സാറിന്റെ വിഷയത്തില്‍ മിടുക്കനല്ലാത്തതുകൊണ്ട് സാറിനിത്തിരി ഇഷ്ടക്കുറവുമുണ്ട്. പരിഭ്രമത്തിനിടയില്‍ നീട്ടിയത് ഇടതു കൈയാണ്. ഒരു നിമിഷം. ബാലന്‍ സാര്‍ നീട്ടിയ ഹാള്‍ ടിക്കറ്റ് പിന്‍വലിച്ചു.
'ഓ, അല്ലെങ്കിലും ഇതിന്റെയൊക്കെ എല്ലാം ഇടത്തോട്ടാണല്ലോ.
സാര്‍ പറഞ്ഞു. വാക്കുകളില്‍ പുഛവും പരിഹാസവും. ഇടത്തോട്ടുടുത്ത മുണ്ടിനെക്കുറിച്ചും അപ്പോള്‍ ഞാന്‍ ബോധവാനായി. കുട്ടികളും അധ്യാപകരും നിറഞ്ഞ ഹാള്‍. സാര്‍ പറഞ്ഞത് മൈക്കിലൂടെ എല്ലാവരും കേട്ടിരിക്കുന്നു. അപമാനവും വേദനയുംകൊണ്ട് തല കറങ്ങുന്നതു പോലെ തോന്നി. പെട്ടെന്നു വലതുകൈനീട്ടി വാങ്ങി തിരിഞ്ഞു നടന്നു. തല ഉയരുന്നില്ല. ബാലന്‍ സാര്‍ എന്തിനാണ് ആ മുഹൂര്‍ത്തത്തില്‍ ഒരു പാവം വിദ്യാര്‍ത്ഥിയുടെ മതപരമായ അടയാളങ്ങളെ പരിഹസിച്ച് മനസിനു മുറിവേല്‍പിച്ചത് എന്നറിയില്ല. കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഒരു മന്ദഹാസത്തോടെയോ അല്ലെങ്കില്‍ കോപിച്ചോ വലതുകൈ നീട്ടെടാ എന്ന് പറയാമായിരുന്നു. എന്നിട്ടും.. ഇടത്തോട്ടുടുത്ത മുണ്ട്, വിശുദ്ധ ഖുര്‍ ആന്റെ ഭാഷയായ അറബി ഇടത്തോട്ട് അതൊക്കെ പറഞ്ഞ് മുസ്‌ലിം കുട്ടികളെ തമാശയായി കളിയാക്കുന്ന സഹപാഠികള്‍ അന്നുമിന്നുമുണ്ട്. അതൊന്നും ആരും ഗൗരവത്തിലെടുക്കാറുമില്ല. ഒരു ചോറ്റുപാത്രത്തിലെ കറികള്‍ പങ്കുവച്ചും, പത്ത് പൈസ വീതം രണ്ടുപേരോ അഞ്ചു പൈസ വീതം നാലുപേരോ ഷെയറിട്ട് 20 പൈസയ്ക്കു കിട്ടുന്ന ചുവന്ന ബബ്ള്‍ഗം വാങ്ങി കഴിച്ചും സ്‌നേഹം പ്രകടിപ്പിച്ചത് ഇതേ കളിയാക്കലിനൊക്കെ ശേഷവുമായിരുന്നു. പക്ഷേ, അങ്ങനെയല്ല ബാലന്‍ സാറിന്റെ വാക്കുകള്‍ മനസില്‍ വന്നുകൊണ്ടത്. അദ്ദേഹം തമാശ പറയുകയായിരുന്നില്ല. പേര് ദേവീ വിലാസമെന്നാണെങ്കിലും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ കുട്ടികള്‍ ഒരു വിവേചനവും അനുഭവിക്കാതെയാണ് അവിടെ പഠിച്ചതും കഴിഞ്ഞതും. അതനിടയില്‍ ബാലന്‍ സാര്‍ മാത്രം ഈ വിധം....മനസ് പൊരുത്തപ്പെടാന്‍ മടിച്ചു. നെഞ്ചില്‍ പതിഞ്ഞുകിടക്കുന്ന വേദനയാണത്. അദ്ദേഹം ഇപ്പോഴുമുണ്ടോ എന്നറിയില്ല. പല അധ്യാപകരെയും പിന്നീട് പലപ്പോഴും പലയിടത്തുവച്ചും കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും പറഞ്ഞിട്ടില്ല ഈ സങ്കടത്തെക്കുറിച്ച്. ബാലന്‍ സാറിനെ കണ്ടിട്ടേയില്ല, പിന്നീടൊരിക്കലും.