Friday, March 2, 2012

ഒരു നിലവിളി ശബ്ദം

നിലവിളിച്ചു പായുന്ന ആംബുലന്‍സ് ഉള്ളിലുണര്‍ത്തുന്നത് വല്ലാത്തൊരു വേവലാതിയാണ്. അതിനുള്ളില്‍ ഒരു ജീവന്‍ പിടയുന്നല്ലോ എന്നു മനസ് പറയും. വഴിയരികില്‍ നിസ്സഹയരായി നിന്ന് അമ്പരക്കുന്നവരിലൊരാള്‍. ആംബുലന്‍സിന്റെ നിലവിളി ശബ്ദത്തെക്കുറിച്ചുള്ള ജഗതിത്തമാശ പറയാന്‍ പിന്നെയും പിന്നെയും ഇഷ്ടം കാണിക്കുന്നത് ആംബുലന്‍സ് ഒരു പേടി സ്വപ്‌നമല്ലാതാക്കി മാറ്റാനുള്ള വിഫല ശ്രമമാണ്.
ആംബുലന്‍സിനുള്ളില്‍ ഞാനായിരിക്കുന്നതും, അതറിയാതെ, വഴിയരികില്‍ ആള്‍ക്കൂട്ടത്തിലെ പലരിലൊരാള്‍ മാത്രമായി എനിക്ക് വേണ്ടപ്പെട്ടൊരാള്‍ നില്‍ക്കുന്നതും സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്. നേരേതിരിച്ച് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ച് നടുക്കത്തോടെ ഇടയ്ക്ക് നിര്‍ത്തിയിട്ടുമുണ്ട്. നിലവിളിച്ചു പായുന്ന വാനിനുള്ളില്‍ എനിക്ക് വേണ്ടപ്പെട്ടവരാരോ ആയിരിക്കുന്നതും, ഞാന്‍ അതറിയാതെ പതിവു വിഹ്വലതയോടെ വാനിനു നേര്‍ക്കൊന്നു നോക്കി വഴിയൊഴിഞ്ഞു നില്‍ക്കുന്നതും....
ഡോ. വി പി ഗംഗാധരന്റെ അനുഭവങ്ങള്‍ സമാഹരിച്ച് കെ എസ് അനിയന്‍ തയ്യാറാക്കിയ 'ജീവിതമെന്ന അത്ഭുതം' വലിയൊരു നിലവിളി ശബ്ദമാണ്. ദൈവമേ, ദൈവമേ എന്നു വായിക്കുന്നവരുടെ മനസു പിടയുന്ന വിധത്തിലുള്ളൊരു നിലവിളി ശബ്ദം. ചീറിപ്പാഞ്ഞുപോകുന്ന ആംബുലന്‍സ് പിന്നപ്പിന്നെ മനസില്‍ നിന്നു മാഞ്ഞുപോകുന്നതുപോലെ ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ നമ്മെ കടന്നുപോകുന്നില്ല. ചുറ്റിപ്പറ്റി, നമ്മെ ചൂഴ്ന്നങ്ങനെ നില്‍ക്കുകതന്നെയാണ്. കാതുകള്‍ കൊട്ടിയടച്ച് മാറിനിന്ന് സ്വയം രക്ഷപ്പെടാന്‍ അനുവദിക്കാത്ത നിലവിളി ശബ്ദം.
ലോകപ്രശസ്തനായ കാന്‍സര്‍ സ്‌പെഷലിസ്റ്റാണ് ഡോ. വി പി ഗംഗാധരന്‍. തന്റെ ദീര്‍ഘമായ രോഗ ചികില്‍സാ അനുഭവങ്ങളില്‍ നിന്നു ചില മനുഷ്യരെ നമുക്ക് കൂടി പരിചയപ്പെടുത്തിത്തരികയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം. അവരോരോരുത്തരും എത്രയോപേരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നറിയാന്‍ നമ്മളും ഇതുപോലെ ജീവിതത്തിനു നേര്‍ക്ക് നോക്കുകതന്നെ വേണ്ടിവരും. സ്വയമൊരു തോടിലൊളിച്ച് , അതിനുള്ളിലെ സ്വര്‍ഗത്തിനു സമാനതകളില്ല എന്നു വിചാരിച്ചു പോകുന്ന മനുഷ്യനെ സാമൂഹിക ജീവിയുടെ കടമകള്‍ ഓര്‍മ്മിപ്പിക്കാന്‍ കൂടി ഉതകുന്നു ഈ ഡോക്ടറുടെ അനുഭവങ്ങള്‍. ഇത് വായിച്ചു കഴിയുമ്പോള്‍ ജീവിത വീക്ഷണം മാറിപ്പോയിക്കൂടെന്നില്ല.
' ചിരിച്ച മുഖങ്ങളല്ല ഞാന്‍ ഏറെയും കണ്ടിട്ടുള്ളത്. എന്നെ കാണാനെത്തുന്നവരുടെ തളര്‍ന്ന നെഞ്ചിലെ വിതുമ്പല്‍ ഞാന്‍ വ്യക്തമായി കേള്‍ക്കാറുണ്ട്. ഒരു കുടുംബത്തെ മുഴുവന്‍ കാന്‍സര്‍ തകര്‍ക്കുന്നത് വേദനയോടെ നോക്കിനിന്നിട്ടു്. വൈകാരികവും സാമ്പത്തികവുമായ തകര്‍ച്ചകള്‍. സ്‌നേഹം പോലെ തന്നെ തീവ്രമാണ് സ്‌നേഹരാഹിത്യവുമെന്ന അത്ഭുതം ഞാന്‍ കണ്ട ജീവിതങ്ങള്‍ എനിക്കു കാണിച്ചുതന്നു.' ഡോ. ഗംഗാധരന്‍ എഴുതുന്നു,
'ആ മഹാവൈദ്യന്റെ വിരല്‍ത്തുമ്പിലെ ചലനത്തിനൊത്ത് എല്ലാവരും സ്വന്തം കര്‍മനിയോഗം ആടിത്തീര്‍ക്കുന്നു. അതിനിടെ എന്റെ തോളിലേയ്ക്കു കുഴഞ്ഞുവീണ നിരവധി ജീവിതങ്ങള്‍ എന്റേതുതന്നെയാകുന്നു. അതില്‍ നിന്നു വേറിട്ട് എനിക്കൊരു നിലനില്‍പില്ലെന്നു ഞാന്‍ അറിഞ്ഞു.....' കാന്‍സര്‍ രേഗിയെ സമൂഹം പെട്ടെന്ന് ഒറ്റപ്പെടുത്തുന്നതിനെതിരായ താക്കീതു കൂടിയാണ് ഡോ. ഗംഗാധരന്റെ അനുഭവങ്ങള്‍. അത് അദ്ദേഹം തുറന്നു പറയുന്നുമുണ്ട്്. ആരൊക്കെയോ കാലങ്ങളായി കല്പിച്ചുകൊടുത്ത ഒരു നീചത്വം കാന്‍സര്‍ എന്ന വാക്കിനുമേല്‍ ഇപ്പോഴും വട്ടമിട്ടു പറക്കുന്നു. ഒരിക്കലും പകരാത്ത ഒരു രോഗമാണിതെന്നു പോലും പലരും മറക്കുന്നതുപോലെ. ഇതിനേക്കാള്‍ എത്രയോ മടങ്ങ് തീവ്രവും ഭീകരവുമായ അവസ്ഥ മറ്റു രോഗങ്ങള്‍ക്കുണ്ട് എന്നറിയാതെ..
അഛനും മകളും എന്ന ആദ്യ അധ്യായത്തിലെ ആദ്യത്തെ വരികള്‍തന്നെ നമ്മെ പിടിച്ചു കുലുക്കും. ഈ പുസ്തകത്താളുകളിലെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളിലൂടെ ഒന്നു നടന്നു വന്നു കഴിയുമ്പോള്‍ ആദ്യം തിരയുന്നത് ഗ്രന്ഥകാരന്റെ ഫോണ്‍ നമ്പറോ വിലാസമോ അതല്ലെങ്കില്‍, ഇതേപോലുള്ള ജീവിതങ്ങളുടെ വേദന പങ്കിടാന്‍ ഞാനും തയ്യാറെന്നുറച്ച് അടുത്തുള്ള കാന്‍സര്‍ ആശുപത്രിയോ ആയിരിക്കില്ല. അതിനു മുമ്പ് അവനവന്റെ ഉള്ളിലെ മനുഷ്യനിലേക്ക് മിന്നായംപോലെ ഒരുതിരയലുണ്ടാകും. ഡോ.ഗംഗാധരനെ വിടാതെ പിന്തുടര്‍ന്ന് ഈ അനുഭവങ്ങളുടെ ചൂട് ഏറ്റുവാങ്ങി അക്ഷരങ്ങളില്‍ പകര്‍ന്ന കെ എസ് അനിയന്‍ എഴുതിയതുപോലെ: എന്റെ മനസ് കുടുതല്‍ ശുദ്ധിയുള്ളതാകുന്നു. എന്നില്‍ കൂടുതല്‍ മനുഷ്യത്വം വന്നു നിറയുന്നു.
മൂന്നിലൊരു ഭാഗം കാന്‍സര്‍ രോഗികള്‍ പൂര്‍ണമായും സുഖപ്പെടുന്നുവെന്നാണ് ഡോ. ഗംഗാധരന്‍ വിശദീകരിക്കുന്നത്. പിന്നീട് അസുഖത്തിന്റെ ഓര്‍മ്മ പോലും ഒരിക്കലുമില്ലാതെ അവര്‍ക്ക് ജീവിക്കാനാകുന്നു.
അത് ഒരു ഓര്‍മപ്പെടുത്തലും പ്രതീ്ക്ഷ നല്‍കലുമാണ്. കണ്ണീരു വിറ്റ് സ്വന്തം ലോകം വാങ്ങാനിറങ്ങിയ പ്രൊഫഷണല്‍ ജീവകാരുണ്യ പ്രവര്‍ത്തകനല്ല ഭിഷഗ്വരന്‍. ജീവിതം തികച്ചും സ്വാഭാവികമായി കൊെണ്ടത്തിക്കുന്ന ഇടങ്ങളിലെ കണ്ണീര് തിരിച്ചറിയുന്നവനാണ്. ഇത് ഡോ. ഗംഗാധരന്‍ പറയാതെ പറഞ്ഞുതരുന്ന പാഠം. എല്ലാവര്‍ക്കും എല്ലായ്‌പോഴും പാഠങ്ങളെല്ലാം പഠിച്ചു തീര്‍ത്ത് ജീവിതം തുടങ്ങാന്‍ കഴിയില്ലതന്നെ. അതിനുപകരമാണ് മുമ്പേ പോകുന്നവരുടെ ജീവിത പാഠങ്ങളിലൂടെയൊരു സഞ്ചാരം.
പൊള്ളുന്ന വെയിലില്‍ നഗ്നപാദനായി നില്‍ക്കുന്നവനാണ് തണലിന്റെയും പാദരക്ഷയുടെയും സുഖം ഏറ്റവും നന്നായി മനസിലാവുക. നമ്മള്‍ തണലിലൂടെ, ചെരിപ്പിട്ടു നടക്കുന്നവരാണ്; ഈ തണല്‍ എത്ര വലിയ തണലാണെന്നറിയാതെ. ഡോ. ഗംഗാധരന്‍ വെയിലത്തു നില്‍ക്കുന്നവരെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. ഈ ജീവിതം എത്ര വലിയ അത്ഭുതമാണെന്ന് ഓര്‍മിപ്പിക്കാന്‍.