Sunday, March 4, 2012

തലയിലൊന്ന് അമര്‍ത്തിത്തിരുമ്മിയാലോ....

സ്വകാര്യ ദു:ഖങ്ങളുടെ കടല്‍ ഉള്ളിലിരമ്പുമ്പോള്‍ കുറുക്കുവഴികളില്‍ അഭയം തേടാനുള്ള പ്രവണത മനുഷ്യസഹജം. അങ്ങനെയാണല്ലോ ആള്‍ദൈവങ്ങളുടെ ആലിംഗനങ്ങള്‍ക്ക് വിലയുണ്ടാകുന്നത്. വണ്ണം കുറയ്ക്കാനും കുറയ്ക്കാനും കുടവയര്‍ കുറയ്ക്കാനും ചര്‍മത്തിനു ഭംഗി വര്‍ധിക്കാനുമൊക്കെയുള്ള വഴികള്‍ അന്വേഷിക്കുന്ന അതേ മൂഡില്‍, മനസൊന്നു നേരേ നിര്‍ത്താനും മരുന്നു തേടുന്നവരേറെ. അവര്‍ക്കിടയിലേക്ക് ആകര്‍ഷിക്കുന്ന പുഞ്ചിരിയുമായി കടന്നുചെല്ലുന്ന ജ്യോല്‍സ്യന്റെ റോളല്ല എന്റെ കൈയിലിരിക്കുന്ന പുസ്തകം നിര്‍വഹിക്കുന്നത്. മറിച്ച്, നമ്മള്‍ മനസുവച്ചാല്‍ ചുറ്റുപാടുകളും നമ്മുടെ ജീവിതംതന്നെയും സ്വസ്ഥവും മനോഹരവുമാകുമെന്ന് പറഞ്ഞു തരികയാണ്്. ജീവിത സമാധാനത്തിലേക്ക് കുറുക്കു വഴികളില്ല എന്നുതന്നെ; പേരുകേട്ടാല്‍ തോന്നുന്നത് അങ്ങനെയല്ലെങ്കിലും.
തലയിലെഴുതിയത് അമര്‍ത്തിച്ചെരച്ചാല്‍ പോകുമോ, തലേവര തൂത്താല്‍ പോകുമോ തുടങ്ങിയ നാടന്‍ വചനങ്ങള്‍ കാലങ്ങളായി കേട്ടു വളര്‍ന്ന നമുക്ക്, 'തലയിലെഴുത്ത് തിരുത്താം' എന്ന പേരിലൊരു പുസ്‌കത്തോട് ആദ്യം തോന്നുന്ന കൗതുകം ഏതുവിധത്തിലുള്ളതായിരിക്കും? ജീവിത വിജയത്തിന് പത്ത് കുറുക്കുവഴികള്‍, എങ്ങനെ നല്ല ഭര്‍ത്താവാകാം തുടങ്ങിയ പലതരു കുറുക്കുവഴിപ്പുസ്തകങ്ങളിലൊന്ന് എന്നതു തന്നെ. എന്നാല്‍ കെ എ സെബാസ്റ്റ്യന്‍ പത്തു വര്‍ഷം മുമ്പെഴുതിയ ഈ പുസ്തകത്തിന്റെ സ്ഥാനം ആ ഗണത്തിിലല്ല. ലോകമെമ്പാടും ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ ടി എ (ട്രാന്‍സാക്ഷനല്‍ അനാലിസിസ് -വിനിമയ അപഗ്രഥനം)എന്ന മനശ്ശാസ്ത്ര സമീപനത്തിന്റെ സഹായത്തോടെ വ്യക്തിക്ക് എങ്ങനെ മാറാം, മറ്റുള്ളവരെ മനസിലാക്കാം എന്ന് വിശദീകരിക്കാനാണ് സെബാസ്റ്റിയന്റെ ശ്രമം. അതില്‍ അദ്ദേഹം ഒന്നാം ഘട്ട വിജയം കൈവരിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ നമുക്ക് മനസിലാകും. കാരണം, ടിഎ പരിശീലിച്ചാലോ എന്നു നമ്മള്‍ ചിന്തിക്കുകയും ടിഎയുടെ അടിസ്ഥാന തത്വങ്ങളെ വച്ച് നമ്മെത്തന്നെയൊന്ന് വിശകലനം ചെയ്യാന്‍ ശ്രമിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ ചിന്തയുടെയും ശ്രമത്തിന്റെയും വിജയത്തിലാണ് ഈ ആശയത്തിന്റെയും രണ്ടാം ഘട്ട വിജയം.
'..............ശാരീരിക ആരോഗ്യത്തെക്കുറിച്ചുള്ള ഈ ആകാംക്ഷ പക്ഷേ മാനസിക സുസ്ഥിതിയെക്കുറിച്ച് നാം കാണിക്കാറില്ല. മനോരോഗ വിദഗ്ധനെ കാണുന്നതുതന്നെ സമൂഹം നെറ്റി ചുളിച്ചാണ് വീക്ഷിക്കുന്നത്.മാനസിക ആരോഗ്യത്തെ സംബന്ധിച്ചും വികാരം പ്രകടിപ്പിക്കുന്ന രീതികളെക്കുറിച്ചും ധാരാളം മുന്‍വിധികള്‍ നമുക്കുണ്ട്....' ആമുഖത്തില്‍ കെ എ സെബാസ്റ്റ്യന്‍ എഴുതുന്നു. തലയിലെഴുത്ത് എന്ന പദം കൊണ്ട് ഈ പുസ്തകത്തില്‍ വിവക്ഷിക്കുന്നത് മനുഷ്യന്റേതായ പങ്കുള്ള കാര്യങ്ങളെയാണെന്നും ഗ്രന്ഥകാരന്‍ പറയുന്നു. മനുഷ്യന്റെതായ യാതൊരു പങ്കുമില്ലാതെ ജീവിതത്തില്‍ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് വിധി. ബസ് കാത്തുനില്‍ക്കുന്നയാളെ നിയന്ത്രണം വിട്ടുവന്ന വാഹനം ഇടിച്ചു വീഴ്ത്തുന്നത് വിധി. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ച് സ്വയം അപകടം ക്ഷണിച്ചു വരുത്തുന്നതോ. വായില്‍ വരുന്നതൊക്കെ വിളിച്ചു പറഞ്ഞ് ബന്ധങ്ങള്‍ നശിപ്പിക്കുന്നതോ.
വ്യക്തിയുടേതായ പങ്ക് അറിഞ്ഞോ അറിയാതെയോ ഉള്ള ഇത്തരം ജീവിതാനുഭവങ്ങളെ സ്വയം തിരുത്താമെന്നാണ് ട്രാന്‍സാക്ഷനല്‍ അനാലിസിസ് പഠിപ്പിക്കുന്നത്. സ്വയമെഴുതിയ തലയിലെഴുത്തിന്റെ തിരക്കഥ തിരുത്താന്‍ ഒരു കൈ സഹായം.
ഇന്നു നാം പ്രകടിപ്പിക്കുന്ന സ്വഭാവ രീതികള്‍ എങ്ങനെയുണ്ടായെന്നും അതില്‍ നിന്നു മാറി ആരോഗ്യകരമായ സ്വഭാവ രീതികള്‍ ശീലിക്കാവുന്നതാണോ എന്നും പരിശോധിച്ചാണ് പുസ്തകം തുടങ്ങുന്നത്.ആരാണ് ഞാന്‍ എന്നതിനേക്കാള്‍ ഇവിടെ പ്രസക്തമാകുന്നത് എന്താണ് ഈ ഞാന്‍ എന്ന വ്യക്തി എന്ന ചോദ്യമാണ്. വ്യക്തിത്വം എന്താണെന്ന ചിരപുരാതനമായ ചോദ്യവും ഇതിന്റെ തുടര്‍ച്ചയാണ്, ആകാര ഭംഗിയും വസ്ത്രധാരണവും കൊണ്ട് പ്രഥമദൃഷ്ട്യാ മറ്റുള്ളവരില്‍ നല്ല അഭിപ്രായം തോന്നിച്ചാലും അത് നിലനിര്‍ത്തുക എല്ലാവര്‍ക്കും എളുപ്പമാകില്ല. എന്നാലോ, ചില പുതിയ പെരുമാറ്റ രീതികള്‍ ശീലിച്ചതുകൊണ്ടു മാത്രം സ്ഥായിയായ വ്യക്തിത്വം വികസനം ഉണ്ടാവുകയുമില്ല. ആരോഗ്യകരമായ ചിന്തകളും സന്തുലിതമായ വൈകാരികതയുമാണ് വ്യക്തിത്വത്തിന്റെ മേന്മയും ആകര്‍ഷണീയതയും. വ്യക്തിത്വം തിരിച്ചറിയാനും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ് ട്രാന്‍സാക്ഷനല്‍ അനാലിസിസ് നല്ല ഭാഷ തന്നെയാണ്.
മന:ശാസ്ത്രജനും മനോരോഗ വിദഗ്ധനുമായിരുന്ന ഡോ. എറിക്‌ബോണ്‍ 1960'70 കാലഘട്ടത്തില്‍ ആണ് ് ട്രാന്‍സാക്ഷനല്‍ അനാലിസിസ് എന്ന മാനസിക വിശകലന രീതി അമേരിക്കന്‍ സമൂഹത്തില്‍ അവതരിപ്പിച്ചത്. വ്യക്തിത്വവും വ്യക്തി ബന്ധങ്ങളും അപഗ്രഥനം ചെയ്ത് മനോരോഗ ചികില്‍സ നടത്താനുള്ള പുതിയ സമ്പ്രദായമെന്ന നിലയില്‍ വളരെപ്പെട്ടെന്ന് ഇത് ശ്രദ്ധ നേടി. ലോകമെമ്പാടും പരക്കുകയും ചെയ്തു.
് ട്രാന്‍സാക്ഷനല്‍ അനാലിസിസ് ഒരു ജീവിത ശൈലിയാക്കാവുന്നതാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. നമുക്കൊന്നു നോക്കാം.