Sunday, January 23, 2011

കാലഭേദമില്ലാത്ത കൗതുകങ്ങള്‍

കലോല്‍സവങ്ങള്‍ ഒന്നും രണ്ടുമല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1998-ല്‍ വൈക്കത്ത് നടന്ന സര്‍വകലാശാല കലോല്‍വം മുതല്‍ പലതലങ്ങളിലുള്ള കലോല്‍സവങ്ങള്‍. കഴിഞ്ഞ രണ്ട് തവണയായി മാത്രമാണു സ്‌കൂള്‍ കലോല്‍സവ റിപ്പോര്‍ടിങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
ഇത്തവണ കോട്ടയത്ത് നടന്ന സ്‌കൂള്‍ കലോല്‍സവത്തില്‍ മാധ്യമ പ്രവര്‍ത്തകനായല്ലാതെ പങ്കെടുത്ത അനുഭവം കഴിഞ്ഞുപോയതിനേക്കാളോക്കെ വേറിട്ടതായി. എന്റെ സ്വന്തം നാട്ടില്‍ ഞാനുള്ളപ്പോള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഉല്‍സവമേളം. ഞാന്‍ അഛനും ഭര്‍ത്താവും മാത്രമായി. ഷെമിയും കുട്ടികളുമായി ശരിക്കും ഉല്‍സവമായിത്തന്നെ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തു. അതുതന്നെ കാര്യം, ഇതുവരെ കഴിയാത്തതാണല്ലോ അത്. വേണ്ടെന്നുവെച്ചിട്ടല്ല. അവനവന്റെ ജോലി മര്യാദയ്ക്കു ചെയ്യുന്ന എത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ വീട്ടുമുറ്റത്തെ ഉല്‍സവമോ പള്ളിപ്പെരുന്നാളോ പോലും ഭാര്യയും മക്കളുമായി ആഘോഷിക്കാന്‍ കഴിയുന്നുണ്ട്? ആര്‍ക്കുമില്ല എന്നുതന്നെയാകും ഉത്തരം. അതങ്ങനെയാവാതെ തരവുമില്ല. സമയവുമായുള്ള സമരത്തിലാണല്ലോ അവര്‍. അതിനിടയില്‍ വേണ്ടെന്നുവെയ്ക്കാന്‍ കഴിയുന്നത് സ്വന്തം സന്തോഷങ്ങള്‍ മാത്രം.
സ്വയം ഏതൊക്കെ സ്റ്റോറികള്‍ ചെയ്യണമെന്നും സഹപ്രവര്‍ത്തകരുടെ ഏതൊക്കെ സ്റ്റോറികളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നുമൊക്കെയുള്ള ഉത്കണ്ഠകളില്ലാതെ, ഉള്ളതിനേക്കാള്‍ പ്രകടിപ്പിക്കുന്ന ടെന്‍ഷന്റെ ഭാരമില്ലാതെയാണ് ഈ കലോല്‍സവത്തില്‍ ഞാന്‍ പങ്കുചേര്‍ന്നത്. അതാണു കാര്യം. വലിയ കാര്യം തന്നെ എന്നെനിക്കുറപ്പുമുണ്ട്.
ആറു ദിവസത്തില്‍ അഞ്ചു ദിവസവും ചുറ്റിക്കറങ്ങി. കോട്ടയംകാര്‍ ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടുന്നവരാണ്, ആഘോഷങ്ങളെയും. നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ നിന്ന് കലോല്‍സവ ബഹളങ്ങളിലേയ്ക്ക് എത്താന്‍ പത്തു മിനിറ്റുപോലും വേണ്ട. പോലീസ് പരേഡ് ഗ്രൗണ്ടിലെ ഒന്നാം വേദിയിലും മൗണ്ട്കാര്‍മല്‍ ബിഎഡ് കോളജിലെ നാലം വേദിയിലുമാണ് കൂടുതലും പോയത്. ഒപ്പന, സ്‌കിറ്റ്, സംഘനൃത്തം ഇവയൊക്കെ ഇവിടെയായിരുന്നല്ലോ.
എല്ലാ സ്റ്റേജിലും നടക്കുന്ന എല്ലാം ഉറച്ചിരുന്നു കാണുന്നതിനേക്കാള്‍ ആള്‍ക്കൂട്ടത്തില്‍ ലയിച്ച് ചുറ്റിനടക്കാന്‍ പ്രത്യേക ഇഷ്ടം കാട്ടി കുട്ടികളും. എന്റെ ഇഷ്ടങ്ങളില്‍ നിന്ന്, എന്റെ കുട്ടിക്കാല കൗതുകങ്ങളില്‍ നിന്ന് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തതുപോലെ. അതു ഷെമിയുടെയും കുട്ടിക്കാല കൗതുകങ്ങളുടെ ഭാഗമായിരുന്നു. അലഞ്ഞുനടക്കാന്‍ എന്റെയത്ര അവസരങ്ങള്‍ അവള്‍ക്ക് കിട്ടിയിരിക്കില്ലെന്നുറപ്പ്.
അതിരമ്പുഴ സെബസ്റ്റ്യാനോസ് പള്ളിയിലെ പെരുന്നാളോ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉല്‍സവമോ പോലെയോ ഉള്ള ദിനങ്ങളാണ് കടന്നുപോയത്. വഴിവക്കിലെ കച്ചവടക്കാരനില്‍ നിന്ന് ഉഴുന്നാട വാങ്ങിത്തന്ന് എന്റെ മുഖത്തെ തെളിച്ചത്തിലേയ്ക്ക് കൗതുകത്തോടെ നോക്കിയ അത്തയെ(അഛന്‍)ഓര്‍ത്തു. എന്റെ മക്കള്‍ക്ക് വഴിയരികില്‍ നിന്നൊന്നും വേണ്ട. പക്ഷേ, സന്ധ്യയിലെ നേര്‍ത്ത തണുപ്പത്ത് നടക്കുമ്പോള്‍ ഞാന്‍ സുറുമയുടെയും കുഞ്ഞൂസിന്റെയും മുഖത്തേയ്ക്കു നോക്കി. എനിക്കുറപ്പുണ്ട്, ഇതുതന്നെയാകും എന്റെ മുഖത്ത് അത്ത കണ്ടതും. ചില കൗതുകങ്ങള്‍ക്ക് കാലേഭദമുണ്ടാകില്ല.
സമാപന ഘോഷയാത്ര കണ്ട് വഴിയരികില്‍ നില്‍ക്കുമ്പോള്‍ എനിക്കു തോന്നി: ഏറ്റുമാനൂരമ്പലത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് പേരൂര്‍ക്കാവിലേയ്ക്കു നീങ്ങുന്നതു കണ്ടു നില്‍ക്കുന്ന കുട്ടിയാണോ ഞാന്‍..?