Wednesday, January 19, 2011

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയ്തതും ഞാന്‍ ചെയ്തതും

പുതിയ ബ്ലോഗ് തയ്യാറാക്കിയിട്ട് ദിവസങ്ങളായി. എന്തെഴുതിത്തുടങ്ങണം എന്ന് അതിനു മുമ്പേ ആലോചിച്ചു തുടങ്ങിയതാണ്. പലതും മനസിലിട്ട് ഉരുട്ടി. ആദിമധ്യാന്ത പൊരുത്തത്തോടെ പലതും ഉള്ളില്‍ അടുക്കിപ്പെറുക്കി തയ്യാറാക്കി. പിന്നെ വേണ്ടെന്നു വെച്ചു. ഇപ്പോള്‍ വേണ്ട എന്നേയുള്ളു, പിന്നീട് എപ്പോഴെങ്കിലും അതൊക്കെ കുറിച്ചേക്കാം.
ഇഷ്ടഗാനത്തെക്കുറിച്ച്, ഇഷ്ട സുഹൃത്തുക്കളുടെ അമ്പരപ്പിക്കുന്ന മാറ്റത്തെക്കുറിച്ച്, എനിക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച്, ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രത്യേക അനുഭൂതി, സമാധാനം, സ്വാസ്ഥ്യം.... എന്തിനു കൂടുതല്‍? മുമ്പൊന്നും ഞാന്‍ തീരെ ഇഷ്ടപ്പെടാതിരുന്ന റിമി ടോമി എന്ന ഗായികയെ ഇഷ്ടപ്പെട്ടു തുടങ്ങിയതിനെക്കുറിച്ചുള്‍പ്പെടെ എഴുതാന്‍ പലപ്പോഴായി തീരുമാനിച്ചു. കറക്കിക്കുത്തി ഒടുവില്‍ എത്തിയത് വ്യക്തിപരമായ ചില സന്തോഷങ്ങളെക്കുറിച്ച് എഴുതി ആദ്യ പോസ്റ്റ് ഉന്മേഷഭരിതമാക്കാനാണ്.
അപ്പോഴാണ് പുതിയൊരു വിഷയം വന്നുവീണത്. ശരിക്കും ഓര്‍ക്കാപ്പുറത്ത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വൃക്ക ദാനം ചെയ്യുന്നു. മാത്രമല്ല, വൃക്കദാനത്തിലൂടെ അദ്ദേഹം കേരളത്തിനു മഹനീയ മാതൃക കാട്ടുന്നതായി മലയാള മനോരമ എഡിറ്റോറിയല്‍ എഴുതുക വരെ ചെയ്തിരിക്കുന്നു. കൊച്ചൗസേപ്പില്‍ നിന്നു വൃക്ക സ്വീകരിക്കുന്ന വ്യക്തിയുടെ ഭാര്യയില്‍ നിന്ന് മറ്റൊരാള്‍ക്കും തുടര്‍ന്ന് അതുപോലെ മറ്റു രണ്ടുപേര്‍ക്കും വൃക്ക ലഭിക്കും. അതിമഹത്തായ വൃക്കദാന പരമ്പര. പ്രചോദനാത്മകമായ ഒരു നാടുണര്‍ത്തലിന്റെ പ്രതീതി ഇതിനു വന്നു ചേരുകയാണെന്ന് മനോരമ എഴുതുന്നു. മനോഹരമായ വിശേഷണം. ഇതെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ പിന്നെ ആരെഴുതും എന്നു ചിന്തിച്ചു. എഴുതാന്‍ ഉറപ്പിക്കുകയും ചെയ്തു.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വൃക്കകളില്‍ ഒന്ന് ദാനം ചെയ്ത ആളാണു ഞാന്‍. അന്നുമിന്നും എന്റെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്കു മാത്രമേ ഇത് അറിയുകയുള്ളു. കാരണം, വൃക്ക ദാനം ചെയ്യാന്‍ ഞാന്‍ ആലോചിച്ച ഘട്ടത്തില്‍ , അത് പണത്തിനു വേണ്ടിയാണെന്നു ചില സുഹൃത്തുക്കള്‍തന്നെ പ്രചരിപ്പിച്ചിരുന്നു. ഇന്നും അങ്ങനെ വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്പോള്‍ നുണക്കഥകള്‍ പറഞ്ഞുപരത്തി എന്നെ ഞെട്ടിച്ച അടുത്ത ബന്ധുക്കളില്‍ ചിലരുടെ വാക്കുകള്‍ അത്തരം വിശ്വാസത്തിനു ബലം പകരുകയും ചെയ്തു. മുമ്പ് എന്റെ വൃക്കദാനത്തെക്കുറിച്ച് അറിയാതിരുന്ന ചില സുഹൃത്തുക്കള്‍ കൂടി തെറ്റായ വിധത്തില്‍ അതിനെക്കുറിച്ച് അറിയാനും മനസിലാക്കാനും കൂടി അത് ഇടയാക്കി. അവരില്‍ ഒരാളുമായി ഇടയ്ക്ക് ഒരിക്കല്‍ എന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ സംസാരിച്ചപ്പോള്‍, വൃക്ക വിറ്റാലോ എന്ന മുനവെച്ച ചോദ്യമുണ്ടായി. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും അപമാനിതനാക്കുകയും ചെയ്തു.
പോട്ടെ, അതൊന്നും കാര്യമാക്കുന്നില്ല. വയസ് ഏറുകയും ജീവിത വീക്ഷണത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ മുമ്പ് സങ്കടപ്പെടുത്തിയ കാര്യം അങ്ങനെയല്ലാതാകും, രോഷകാരണമായതു നിസാരവുമാകും. 28 വയസില്‍ വൃക്ക ദാനം ചെയ്തപ്പോള്‍ തോന്നിയ അത്ര വലിയഭാവം ഇപ്പോള്‍ തോന്നുന്നുമില്ല.
പക്ഷേ, ഞാന്‍ അനുഭവിച്ച മാനസികവ്യഥ ഇനിയൊരാള്‍ക്ക് അനുഭവിക്കേണ്ടി വരാതിരിക്കാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വൃക്കദാനം കാരണമാകും. നിറയൗവനത്തില്‍ , വിവാഹിതനായ ഞാന്‍ ചെയ്ത വൃക്കദാനം കൊണ്ട് ആരോഗ്യപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്ലാം മുമ്പത്തെപ്പോലെ തന്നെ. ഭാര്യക്കും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം സുഖമായി ജീവിക്കുന്നു, സന്തോഷത്തോടെ.
അന്നു ഞന്‍ വൃക്ക വിറ്റതാണെന്ന് കരുതിയ സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഇതു വായിച്ചേക്കാം. അന്നുമിന്നും ഞാന്‍ വാടക വീട്ടിലാണു താമസമെന്ന് മനസിലാക്കുക. വൃക്ക വിറ്റാല്‍ വീടു വാങ്ങാന്‍ കഴിയും എന്നല്ല. പക്ഷേ, ഒറ്റിക്കെങ്കിലും ഒരു വീട് എടുക്കാനും കുറച്ചു രൂപ അങ്ങനെ നിക്ഷേപമാക്കാനും കഴിയുമായിരുന്നല്ലോ. പിന്നെയുമുണ്ട് കാര്യങ്ങള്‍. വേണ്ട, വിശദീകരിക്കുന്നില്ല.
എന്തിനേറെ?
വൃക്കദാനം മഹത്തായതു തന്നെയാണ്. പ്രശസ്തര്‍ ചെയ്യുമ്പോള്‍ അതിനു മഹത്വത്തിന്റെ മുഖം വരുന്നുവെന്നു മാത്രം. അങ്ങനെയല്ലാത്തവര്‍ ചെയ്യുമ്പോള്‍ പഴി കേള്‍ക്കേണ്ടിയും വരും. പഴിയെ ഭയക്കാതെ ജീവിക്കുകയേ ഉള്ളു വഴി. ചെയ്തതു ശരിയാണെന്ന ഉറച്ച തിരിച്ചറിവുണ്ടെങ്കില്‍ അതു കഴിയും.
വിശ്വാസം അതല്ലേ എല്ലാം.
ഞാന്‍ പറഞ്ഞത് ദൈവ വിശ്വാസത്തെക്കുറിച്ചാണ്. എന്നെ തല കുനിക്കാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കരുത്ത്. വൃക്കയല്ല കാര്യം.